കുഞ്ഞുമക്കള്‍ക്ക് സുരക്ഷിതമായ അങ്കണവാടി വേണം: ലക്ഷങ്ങള്‍ വരുന്ന ഭൂമി വിട്ടുനല്‍കി ശിവദാസന്‍

മറയൂര്‍: അങ്കണവാടി കെട്ടിടത്തിനായി ലക്ഷങ്ങള്‍ വില വരുന്ന ഭൂമി വിട്ടുനല്‍കി പ്രദേശവാസിയായ ശിവദാസന്‍. മറയൂര്‍ കോട്ടക്കുളം കൈലാസം വീട്ടില്‍ ആര്‍.ശിവദാസനാണ് മാതൃകയായിരിക്കുന്നത്.

സുരക്ഷിതമായ വഴിയില്ലാത്തതിനാല്‍ കോട്ടക്കുളം അങ്കണവാടി മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പുതിയ കെട്ടിടത്തിനായി പഞ്ചായത്ത് പണവും അനുവദിച്ചു. എന്നാല്‍, സ്ഥലം കിട്ടാത്തതിനാല്‍ പണി പ്രതിസന്ധിയിലായി.

ഇതോടെയാണ് ശിവദാസന്‍ തന്റെ സ്വന്തം ഭൂമി കുഞ്ഞുമക്കള്‍ക്കായി അങ്കണവാടിക്കെട്ടിടം നിര്‍മിക്കാന്‍ വിട്ടുനല്‍കിയത്. അഞ്ചുസെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത്. വീടിന് മുന്‍വശത്ത് സെന്റിന് രണ്ടുമുതല്‍ മൂന്നുലക്ഷം രൂപ വരെ വിലമതിക്കുന്ന സ്ഥലമാണ് കുട്ടികള്‍ക്കായി ശിവദാസനും ഭാര്യ ബിന്ദുവും യാതൊരുവിധ നിബന്ധനകളുമില്ലാതെ വിട്ടുനല്‍കിയത്. മറയൂര്‍ പഞ്ചായത്തോഫീസില്‍ എത്തി സ്ഥലം വിട്ടുനല്‍കിയതായുള്ള സമ്മതപത്രം ഒപ്പിട്ട് പഞ്ചായത്തംഗങ്ങളായ ഉഷാ ഹെന്‍ട്രി ജോസഫിനും പഞ്ചായത്തംഗം അംബിക രഞ്ജിത്തിനും കൈമാറി.

ഇപ്പോഴുള്ള കെട്ടിടം നിര്‍മ്മിച്ചതും സമീപവാസിയായ ഗുണശേഖരന്‍ സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയിലാണ്. പൊട്ടിപ്പൊളിഞ്ഞ കനാലിന്റെ മുകളിലൂടെയാണ് കുട്ടികള്‍ അങ്കണവാടിയിലേക്ക് വരുന്നത്. പല കുട്ടികളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥലം തേടിയത്.

Exit mobile version