വയനാട്: ചുള്ളിയോട് പൊന്നംകൊല്ലിയില്‍ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്നു വാഹനങ്ങള്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. പൊന്നംകൊല്ലി സ്വദേശി അഖിന്റെ ബൈക്കും കാറും അയല്‍വാസി ബെന്നിയുടെ ബൈക്കുമാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. പൊട്ടിത്തെറിയുടെ ശബ്ദംകേട്ടാണ് അഖില്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ കണ്ടത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുക്കുന്ന കാര്‍ കത്തുന്നതാണ്. ബൈക്കും കാറും കത്തുന്നത് കണ്ടതോടെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. അവരെത്തി തീ അണയ്ക്കുകയായിരുന്നു.
പിന്നീട് നോക്കുമ്പോഴാണ് അയല്‍വാസി ബെന്നിയുടെ വീട്ടിലെ ബൈക്കും കത്തുന്നത് കണ്ടത്. സമീപത്തെ ഒരു കടയ്ക്കും തീ വച്ചിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണച്ചു. എന്താണ് സംഭവിച്ചതെന്നോ, ആരാണ് ചെയ്തതെന്നോ വ്യക്തമല്ല.
സംഭവത്തില്‍ അമ്പലവയല്‍ പോലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.