കൊച്ചി: കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരണം മൂന്നായി. പ്രാര്‍ഥനയ്ക്കിടെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. 51 പേര്‍ ചികിത്സയിലാണ്.
പരിക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന (12) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. കുട്ടിക്ക് 95 ശതമാനം പൊളളലേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊളളലേറ്റ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ് (55) സംഭവ സ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാള്‍.
ദാരുണ സംഭവത്തില്‍ യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ മാര്‍ട്ടിന്‍ ഡൊമിനിക് (57) അറസ്റ്റ് ചെയ്തു. കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാര്‍ട്ടിന്‍. കൃത്യം നടത്തിയ ശേഷം ഫേസ്ബുക്ക് ലൈവിലെത്തിയാണ് താനാണ് കൃത്യം ചെയ്തതെന്ന് വെളിപ്പെടുത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു.