കുളിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ടു, 8മാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും പുറത്തെടുത്തത് കൊമ്പന്‍ ചെല്ലി വണ്ടിനെ!

നാദാപുരം പാറക്കടവിലാണ് സംഭവം.

കണ്ണൂര്‍: ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് കൊമ്പന്‍ ചെല്ലി വണ്ട്. കോഴിക്കോട് നാദാപുരം പാറക്കടവ് ദമ്പതികളുടെ പെണ്‍കുഞ്ഞിന്റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പന്‍ ചെല്ലി ഇനത്തില്‍പെട്ട വണ്ട് കുടുങ്ങിയത്.

നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ എന്താണ് പ്രശ്‌നമെന്ന് കണ്ടെത്താനായില്ല.

പനിയോ മറ്റ് അസുഖങ്ങളോ കുഞ്ഞിനുണ്ടായിരുന്നില്ല. തനിയെ എന്തെങ്കിലും വായിലേക്ക് ഇടാനുളള സാധ്യതയും ഉണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമെന്താണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീട് ക്ലിനിക്കില്‍ നിന്ന് ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു.

പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്. ഉടനെ എന്‍ഡോസ്‌കോപ്പി ചെയ്തു. അപ്പോഴാണ് കൊമ്പന്‍ചെല്ലി വിഭാഗത്തില്‍പെട്ട് വലിയ വണ്ട് കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്.

ഉടന്‍ തന്നെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എന്‍.ടി. വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയില്‍ നിന്നും വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

Exit mobile version