തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മാധ്യമപ്രവര്‍ത്തക എന്തുകൊണ്ടാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. അദ്ദേഹത്തിന്റെ മനസില്‍ എന്തെങ്കിലും തെറ്റായ ചിന്ത ഉണ്ടെന്ന് കരുതുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മീഡിയോ വണ്‍ ചാനലിനോടായിരുന്നു അവരുടെ പ്രതികരണം.
സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ല. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. സുരേഷ് ഗോപിയെന്ന സിനിമാക്കാരനായിട്ടേ എനിക്ക് അദ്ദേഹത്തെ കാണാന്‍ പറ്റുള്ളൂ. സുരേഷ് ഗോപി എന്ന വ്യക്തിയുടെ ഓരോ പ്രസ്താവനയ്ക്കും എതിരാണ് ഞാന്‍. പലപ്പോഴും ഞങ്ങള്‍ നേരിട്ട് കാണുമ്പോള്‍ അതിന്റെയൊക്കെ പേരില്‍ തര്‍ക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്.
പക്ഷേ ഈ വീഡിയോ കണ്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് പലപ്പോഴും സുരേഷ് ഗോപി സ്ത്രീകളോട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത്. ആ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ സിനിമകയ്ക്കുള്ളിലെ സ്ത്രീകളോട് സംസാരിക്കുന്നത് പോലെ സൗഹൃദത്തോടെ അവരോട് സംസാരിച്ചുവെന്നാണ് എനിക്ക് തോന്നിയതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.