കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ച് സംസാരിച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്.
പരാതിക്കടിസ്ഥാനമായ സംഭവം ഇന്നലെയാണ് കോഴിക്കോട് നടന്നത്. ഇന്നലെ കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവണ്‍ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഷിദ ജഗതിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ വെച്ച കൈ അവര്‍ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. സംഭവത്തില്‍ ഇന്നലെ തന്നെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷിദ ജഗത് വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മാപ്പും പറഞ്ഞിരുന്നു.