കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് നടനും ബിജെപി പ്രവര്‍ത്തകനുമായ സുരേഷ് ഗോപി. ബിജെപിയുടെ കേരളത്തിലെ ഭാവിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കയറി പിടിച്ച സുരേഷ് ഗോപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി താന്‍ ക്ഷമ ചോദിക്കുന്നെന്ന് അറിയിച്ചത്.
മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..
ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു SORRY SHIDA… സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപിയുടെ കേരളത്തിലെ ഭാവിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയോടായിരുന്നു സുരേഷ് ഗോപിയുടെ മോശം പ്രതികരണം. ‘പറ്റുവോന്നു നോക്കട്ടെ മോളെ’ എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തോടെയുള്ള മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. തുടര്‍ന്ന് ദേഹത്തു കൈവെക്കുകയും ചെയ്തു. ആദ്യം ചിരിച്ചു തള്ളിയെങ്കിലും സുരേഷ് ഗോപി വീണ്ടും ദേഹത്ത് കൈവെച്ചതോടെ യുവതി കൈ തട്ടി മാറ്റുകയായിരുന്നു.
അശ്ലീലത കലര്‍ന്ന തരത്തില്‍ സംസാരിക്കുകയും ദേഹത്ത് കൈവെക്കുകയും ചെയ്ത നടന്റെ കൈ തട്ടി മാറ്റിയ യുവതിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക സംഭവത്തില്‍ നിയമ നടപടിയെടുക്കുമെന്നും കെയുഡബ്യുജെ സുരേഷ് ഗോപി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം നിറഞ്ഞതിന് പിന്നാലെയാണ് സുരേഷ് ഗോപി ക്ഷമ ചോദിച്ച് എത്തിയത്.