കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് ഇരുപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം. കൊല്ലത്താണ് സംഭവം. ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയില്‍ കളത്തൂക്കുന്നേല്‍ കെ സി ആന്റണി മോളി ദമ്പതികളുടെ മകള്‍ അന്‍സു ട്രീസ ആന്റണി ആണു മരിച്ചത്.
സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അന്‍സുവിനെ കാറിടിച്ചത്. സംഭവത്തില്‍ കാറോടിച്ച പത്തനംതിട്ട സ്വദേശി ജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
also read: റേഷന്‍ വിതരണ അഴിമതി; പശ്ചിമബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റില്‍
എംസി റോഡില്‍ കുളക്കട വായനശാല ജംക്ഷനു സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. കാരുവേലിലെ കോളജില്‍ അധ്യാപിക ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അന്‍സു. എന്നാല്‍ പുത്തൂര്‍ മുക്കില്‍ ഇറങ്ങുന്നതിനു പകരം കുളക്കടയില്‍ മാറി ഇറങ്ങി.
ഇവിടെ നിന്നും ഓട്ടോറിക്ഷ ഡ്രൈവറോടു വഴി ചോദിച്ച ശേഷം അടുത്ത ബസ് പിടിക്കുന്നതിനായി സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ അന്‍സുവിനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
കാര്‍ മറ്റൊരു കാറിനെ മറികടന്ന് റോഡിന്റെ വലതുവശത്തേക്കു പാഞ്ഞകയറിയതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ അന്‍സുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സഹോദരിമാര്‍: അന്റു ആന്റണി (യുഎസ്), അഞ്ജു ആനി ആന്റണി.