പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകള്‍ മോഷണം നടത്തുന്ന സംഘം പോലീസിന്റെ വലയിലായി. മലപ്പുറം പെരിന്തല്‍മണ്ണ പോലീസാണ് ഇവരെ പിടികൂടിയത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തെയാണ് പോലീസ് പിടികൂടിയത്.
പാലക്കാട് ചളവറ സ്വദേശി മുഹമ്മദ് ബിലാല്‍, മലപ്പുറം വട്ടത്താണി സ്വദേശി മുഹമ്മദ് ഫസലു, കോട്ടയം അറനൂറ്റിമംഗലം സ്വദേശി അനന്തു എന്നിവരാണ് പിടിയിലായത്. വീടുകളിലും റോഡരികിലും നിര്‍ത്തിയിടുന്ന ബൈക്കുകളാണ് സംഘം മോഷ്ടിക്കുക.
തുടര്‍ന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പിടിപ്പിച്ചും രൂപ ഘടന മാറ്റിയും ഇതേ ബൈക്കുകളില്‍ കറങ്ങുന്നതായിരുന്നു ഇവരുടെ പതിവ് രീതി. തുടര്‍ന്ന് മോഷ്ടിച്ച മിക്ക ബൈക്കുകളും കേരളത്തിന് പുറത്ത് സംഘം വില്‍പ്പന നടത്തുന്നുണ്ട്.
പെട്രോള്‍ അടിച്ച ശേഷം പമ്പുകളില്‍ പണം നല്‍കാതെ മുങ്ങിയെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്. റോഡരികിലുഉള്ള ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരങ്ങള്‍ കവര്‍ ചെയ്ത കേസിലും ഇവര്‍ പ്രതികളാണ്. മുഹമ്മദ് ബിലാലിനെതിരെ തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 25 കേസുകളാണ് ഉള്ളത്. മുഹമ്മദ് ഫസലുവിന് എതിരെ ബൈക്ക് മോഷ്ടിച്ച കേസും അനന്തുവിന് എതിരെ കോട്ടയത്ത് ലഹരിക്കടത്തിനും കേസുകള്‍ ഉണ്ട്.