കൊല്ലം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിന് എതിരെ വ്യത്യസ്ത പ്രതിഷേധം രേഖപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍. കൊല്ലം പ്രസ് ക്ലബ്ബില്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതിഷേധം. വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രം എടുക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ചിത്രം പകര്‍ത്തിയത് കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയായിരുന്നു. മംഗളം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ജയമോഹനാണ് വേറിട്ട പ്രതിഷേധം രേഖപ്പെടുത്തിയത്.
ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ ജയമോഹന്‍ തമ്പി, സുരേഷ് ചൈത്രം എന്നീ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. തലയ്ക്കായിരുന്നു ജയമോഹന് പരിക്കേറ്റത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.