തൃശൂര്‍: സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 60തോളം ആളുകളില്‍ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചിറക്കല്‍ സ്വദേശി കടവില്‍ വീട്ടില്‍ ഗുലാന് എന്നറിയപ്പെടുന്ന കാര്‍ത്തിക് (28) ആണ് അറസ്റ്റിലായത്.
തൃശൂര്‍ സിറ്റി ഷാഡോ പോലീസും ചാവക്കാട് പോലീസും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാവക്കാട് മണത്തല സ്വദേശിയെ വ്യക്തിഗത ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് പരിചയപ്പെട്ട് ഫോണിലേക്ക് വന്ന ഒ.ടി.പി മനസിലാക്കി 75,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുള്ളതെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരനാണ് എന്ന് പറഞ്ഞ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളിലെത്തി പലിശയില്ലാതെ വ്യക്തിഗത ലോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
ഇയാളുടെ തട്ടിപ്പിന്റെ രീതി ഇങ്ങനെ…
ആളുകളോട് ലോണിനെ കുറിച്ച് സംസാരിക്കുകയും അവരുടെ കൈയില്‍ നിന്ന് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങി, ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കരസ്ഥമാക്കും. പിന്നീട് ഫോണില്‍ വിളിച്ച് ഇത്ര രൂപ ലോണ്‍ പാസായിട്ടുണ്ടെന്നും ഫോണിലേക്ക് ഒരു ഒ.ടി.പി വന്നിട്ടുണ്ടെന്നും അത് പറഞ്ഞു തരാനും ആവശ്യപ്പെടും. ഇങ്ങനെ ഒ.ടി.പി മനസിലാക്കിയ ശേഷം ഇത്ര രൂപയുടെ ലോണ്‍ പാസായതായി അറിയിക്കും. പിന്നീട് 15 ദിവസത്തിനകം പാസായ ലോണ്‍ തുക ലഭിക്കുമെന്നും അറിയിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും.
പറഞ്ഞ ദിവസത്തിനുശേഷവും ലോണ്‍ തുക ബാങ്ക് അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന് പണം നഷ്ടമായവര്‍ കാര്‍ത്തികിനെ ഫോണില്‍ വിളിച്ചാല്‍ അവരോട് തട്ടിക്കയറും. ലോണ്‍ എടുത്തത് നിങ്ങളാണെന്നും തുകയുടെ തിരിച്ചടവ് സ്വയം നടത്തണമെന്നും പറയും. ഇനി ഫോണില്‍ വിളിച്ച് ശല്യം ചെയ്താല്‍ കേസ് കൊടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
Discussion about this post