കൊച്ചി: വടക്കന്‍ പറവൂരില്‍ സഹോദര പുത്രന്‍ വീട് ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ ലീലയ്ക്ക് ആശ്വാസമായി ഭൂമി വിട്ടു നല്‍കി സഹോദരങ്ങള്‍. ബന്ധുക്കള്‍ക്ക് തുല്യാവകാശമുള്ള കുടുംബസ്ഥലം പൊതുസമ്മതപ്രകാരം ലീലയ്ക്ക് വിട്ടു നല്‍കികൊണ്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി ഉത്തരവായി.
കുടുംബാംഗങ്ങള്‍ക്ക് തുല്യാവകാശമായി കിടന്നിരുന്ന ഏഴ് സെന്റില്‍ നിന്ന് ആറ് സെന്റ് ഭൂമിയാണ് ലീലയ്ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അനുവദിച്ചത്. വീട് ഇടിച്ചുനിരത്തിയ സഹോദരപുത്രന്‍ രമേശന്‍ ഒഴികെ എല്ലാവരും അവകാശം എഴുതി നല്‍കി.
പെരുമ്പടന്ന സ്വദേശി ലീല താമസിച്ചിരുന്ന വീട് കഴിഞ്ഞയാഴ്ചയാണ് സഹോദരന്റെ മകന്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചടുക്കിയത്. വ്യാഴാഴ്ചയാണ് രമേശ് 56കാരിയായ ലീലയെ വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ സ്വന്തം വീട് ഇടിച്ചു നിരത്തിയത്.
ലീല ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ലീലയുടെ മൂത്ത ജ്യേഷ്ഠന്റെ മകന്‍ രമേശനാണ്, മണ്ണുമാന്തി യന്ത്രം കൊണ്ട് വീട് തകര്‍ത്തത്. അച്ഛന്റെ പേരിലുള്ള സ്ഥലത്തിന്റെ അവകാശി താനാണെന്നാണ് രമേശന്‍ പറയുന്നത്. ബാങ്ക് വായ്പ ജപ്തി ഘട്ടത്തിലായതോടെ വീട് ഇടിച്ച് നിരത്തി 22 സെന്റല്‍ ഒരു വിഹിതം വില്‍പന നടത്താനാണ് രമേശന്‍ പദ്ധതിയിട്ടത്. സ്വത്ത് അവകാശത്തെ ചൊല്ലി മറ്റ് ബന്ധുക്കളും തര്‍ക്കത്തിലായിരുന്നു.
സംരക്ഷിക്കാമെന്ന ധാരണയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലീല വീട് സഹോദരന്‍ ശിവന്റെ പേരിലേക്ക് മാറ്റി നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ശിവന്‍ മരിച്ചു. ഇതോടെ ഉടമസ്ഥാവകാശം മകന്‍ രമേശനായി. തുടര്‍ന്ന് ലീലയെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ നിരന്തര ശ്രമങ്ങളുണ്ടായെന്നാണ് പരാതി. ഇതിനൊടുവിലാണ് വീട് ഇടിച്ചുനിരത്തുന്ന സംഭവം നടന്നത്. പുതിയ വീട് വയ്ക്കാന്‍ പലരും ലീലയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. എന്നാല്‍, സ്വന്തമായി സ്ഥലമില്ലാത്തതായിരുന്നു പ്രശ്‌നം.