കൊച്ചി: പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറയെ വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ നിറയുകയാണ്. ഒരു നടന്റെ യാതൊരു പ്രവിലേജും ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വിനായകനെ പിന്തുണയ്ക്കുന്നവര്‍ എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിനായകന്‍.
വിനായകനെതിരെ ഉമ തോമസ് എംഎല്‍എയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് വിനായകന്‍ പങ്കുവച്ചത്. ‘നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജോ’ എന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണ് വിനായകന്റെ പ്രവര്‍ത്തിയെന്നാണ് ഉമാ തോമസ് വിമര്‍ശിച്ചത്. ‘ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ജാമ്യത്തില്‍ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണോ’ എന്നും ഉമാ തോമസ് വിമര്‍ശിച്ചിരുന്നു.
സ്റ്റേഷനില്‍ വിളിച്ച് കുടുംബ പ്രശ്‌നങ്ങളില്‍ പരാതിപ്പെട്ട വിനായകന്‍ വൈകിട്ട് സ്റ്റേഷനില്‍ എത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. ലഹരി ഉപയോഗിച്ചാണ് വിനായകന്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. നോര്‍ത്ത് സ്റ്റേഷനിലെത്തിയ വിനായകന്‍ പരസ്യമായി സിഗരറ്റ് വലിച്ചതിന് പോലീസ് ആദ്യം പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു തുടങ്ങി സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയത്.