പാലക്കാട്: മോഷ്ടിച്ച മുതല്‍ തിരിച്ചേല്‍പ്പിക്കുന്ന ചില നന്മ നിറഞ്ഞ കള്ളന്മാര്‍ ഉണ്ടാകാറുണ്ട്. പാലക്കാട് നിന്നും ഒരു മാനസാന്തരം വന്ന മാല കള്ളന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. മാല വിറ്റ് കിട്ടിയ അര ലക്ഷം രൂപയും ഒപ്പം ഒരു ക്ഷമാപണക്കത്തും ഉടമയുടെ വീട്ടില്‍ കൊണ്ടിട്ടിരിക്കുകയാണ് കള്ളന്‍.്.
കുമരനല്ലൂര്‍ എജെബി സ്‌കൂളിന് സമീപം താമസിക്കുന്ന മുന്‍ട്രോട്ട് കുഞ്ഞാന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ 19 ന് മകന്‍ ഷിഹാബിന്റെ മകള്‍ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണ്ണ മാലയാണ് മോഷ്ടാവ് കവര്‍ന്നത്. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാല കഴുത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ വീട്ടുകാര്‍ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി തിരിച്ചു വന്നു നോക്കിയപ്പോഴാണ് മാല മോഷണം പോയ വിവരമറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പലസ്ഥലത്തും മാല തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നുവെങ്കിലും കണ്ടെത്താനായില്ല.
മാല നഷ്ടമായെന്ന് ഉറപ്പിച്ചിരിക്കെയാണ് കള്ളന്റെ മനസ്സ് മാറിയത്. 2 ദിവസത്തിനിശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് സ്ഥലം വിട്ടത്. വീട്ടുകാര്‍ ഉച്ചയ്ക്ക് വിശ്രമിക്കുന്ന സമയത്താണ് മോഷ്ടാവ് പണവും കുറിപ്പും കൊണ്ടുവന്ന് വെച്ചത്.
മാല വിറ്റു പോയെന്നും നിങ്ങള്‍ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാല്‍ മാപ്പാക്കണമെന്നും മോഷ്ടാവ് കുറിപ്പില്‍ പറയുന്നു. ഒരു പവനില്‍ അധികം തൂക്കം ഉണ്ടായിരുന്ന മാലയുടെ പണം പൂര്‍ണ്ണമായും മോഷ്ടാവ് തിരികെ നല്‍കിയതില്‍ സന്തോഷത്തിലാണ് കുടുംബം.