വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

വവ്വാലുകളെ ആവാസ വ്യവസ്ഥയില്‍ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നാണ് നിര്‍ദേശം.

വയനാട്: ജില്ലയിലെ മാനന്തവാടി, ബത്തേരി എന്നീ സ്ഥലങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വയനാട്ടില്‍ ആശങ്കയൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടം. വവ്വാലുകളെ ആവാസ വ്യവസ്ഥയില്‍ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നാണ് നിര്‍ദേശം.

ചെറിയ പനിയാണെങ്കില്‍ പോലും സ്വയം ചികിത്സ ഒഴിവാക്കണം എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ഐസിഎംആര്‍ വ്യാപകമായി വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ചു പരിശോധിച്ചിരുന്നു. വയനാട്ടില്‍ നിന്നും ശേഖരിച്ച വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

പൊതുജന അവബോധം കൂട്ടാന്‍ മാത്രമാണ് വിവരം പുറത്തുപറഞ്ഞത്. എന്നാല്‍, ഈ സ്ഥിരീകരണം ജില്ലയിലെ ടൂറിസത്തെയും കച്ചവടത്തെയുമെല്ലാം ബാധിക്കുമോ എന്ന ആശങ്ക ഉയരുകയാണ്. എന്നാല്‍, ഭയം വേണ്ട ജാഗ്രത മതിയെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

അതേസമയം, പക്ഷികളും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക, അസുഖങ്ങള്‍ക്കുള്ള സ്വയം ചികിത്സ മാറ്റിവച്ചു ഡോക്ടറെ കാണുക, എന്നിങ്ങനെയാണ് അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. കൂടാതെ,ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്ന് ഡിഎംഒ അറിയിച്ചു.

Exit mobile version