വൈറ്റില: വാങ്ങിയ കാരിന്റെ ഉടസ്ഥാവകാശം നല്‍കാത്തത് ചോദ്യം ചെയ്തതിന് യൂസ്ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതിയെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ചതായി പരാതി. മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചവശരാക്കിയന്നെ പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എളംകുളത്തുള്ള ട്രൂ വാല്യൂ ഷോറൂമിലെ ജീവനക്കാര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ മാനേജര്‍ ജോസ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കടവന്ത്ര പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവമുണ്ടായത്. കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഷോറൂമിലെത്തിയ കരുമാലൂര്‍ സ്വദേശികളായ നിധിന്‍, സോഫിയ, ശ്രുതി, ഷംസീര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ജീവനക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചുവെന്നും സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചെന്നുമാണ് പരാതി. സോഫിയ ട്രൂ വാല്യു ഷോറൂമില്‍നിന്നു വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഷോറൂമില്‍ അന്വേഷിച്ചപ്പോള്‍ ആദ്യം വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി. ഇക്കാര്യം ചോദിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
തുടര്‍ന്നാണ് ഷോറൂം മാനേജര്‍ സോഫിയയെയും സുഹൃത്തുക്കളെയും മുറിയില്‍ പൂട്ടിയിട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിധിന്റെ മൂക്കിന് ഗുരുതര പരിക്കേറ്റിട്ടുണ്ട. ശ്രുതിയുടെ കൈക്കും പരിക്കുണ്ട്. നിലത്തിട്ട് ചവിട്ടിയതായും പെണ്‍കുട്ടികളോട് അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്.
പൂട്ടിയിട്ട് കടന്നുകളഞ്ഞ ജീവനക്കാര്‍ പെണ്‍കുട്ടികള്‍ പോലീസിനെ വിളിക്കുമെന്ന് കണ്ടതോടെയാണ് തുറന്നുവിട്ടത്. മാനേജര്‍ ജോസിനെതിരേയും കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ക്കെതിരേയുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണ്.