കൊച്ചി: ഏറെ കോളിളക്കമുണ്ടായ വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ പ്രതിയായിരുന്ന കുട്ടി മധു എന്ന മധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ ഇടത്തലയിലെ ജോലി സ്ഥലത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം.
വാളയാറിലെ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായിരുന്നു മധു. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
2017 മാര്‍ച്ച് ആറിന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നിട്ടും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പ്രദീപ് കുമാര്‍ പിന്നീട് ജീവനൊടുക്കി.
2021 ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നാലെ കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രില്‍ ഒന്നിന് പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 2021 ഡിസംബര്‍ 27ന് വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തല്‍ നടത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2022 ഓഗസ്റ്റ് 10 ന് പാലക്കാട് പോക്‌സോ കോടതി ഈ കുറ്റപത്രം തള്ളുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ അമ്മയുടെ മൊബൈല്‍ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹര്‍ജി വിധി പറയുന്നതിനായി ഈ മാസം 30ലേക്ക് മാറ്റി.