തിരുവനന്തപുരം: വീണ്ടും പോലീസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥാനചലനം സംഭവിച്ചു. കോഴിക്കോടുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റി സഞ്ജയ് കുമാര്‍ ഗുരുദീനെ തല്‍സ്ഥാനത്ത് നിയമിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ മാറ്റി എസ് സുരേന്ദ്രനെ നിയമിച്ചു. പി പ്രകാശിനെ ബറ്റാലിയന് ഡിഐജിയായാണ് നിയോഗിച്ചിട്ടുള്ളത്. പോലീസ് ആസ്ഥാനത്താണ് കാളിരാജ് മഹേഷ് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടുള്ളത്.
ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലും തലസ്ഥാന നഗരത്തിലും പോലീസിന് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശമാണ് പ്രധാനമായും ഉയര്‍ന്നത്. ആറ്റിങ്ങല്‍ സ്റ്റേഷന് പോലും ആക്രമിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ പുനഃക്രമീകരണം വരുത്തിയിട്ടുള്ളത്.
എന്നാല്‍, സാധാരണ നിലയിലുള്ള സ്ഥലംമാറ്റം മാത്രമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
Discussion about this post