തിരൂർ: തിരൂരിൽ യുവാവ് മർദ്ദനമേറ്റും കത്തിക്കുത്തേറ്റും ചോരവാർന്ന് യുവാവ് മരിച്ച സംഭവത്തിലെ കുരുക്കഴിച്ച് പോലീസ്. പടിഞ്ഞാറെക്കര കാട്ടിലപ്പള്ളിയിലാണ് യുവാവ് കുത്തേറ്റ് രക്തംവാർന്നു മരിച്ചത്. പണ്ടാഴിയിലെ കൊമ്പൻതറയിൽ സ്വാലിഹ് (30) ആണ് മരണപ്പെട്ടത്.
സംഭവത്തിൽ പ്രധാന പ്രതി പടിഞ്ഞാറെക്കര കാട്ടിലപ്പള്ളി ആനപ്പടി കുട്ട്യാലക്കടവത്ത് ആഷിക്കിനെ(30) തിരൂർ പോലീസ് ഇൻസ്‌പെക്ടർ എംജെ ജിജോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു.
കേസിൽ മൂന്നുപേരെക്കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു. കാലിൽ കത്തിക്കുത്തേറ്റും വടികൊണ്ട് അടിയേറ്റുമാണ് സ്വാലിഹിന് മരണകാരണമായ പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ കൊലപാതക കാരണത്തെക്കുറിച്ച് വ്യത്യസ്ത മൊഴികൾ പോലീസിനു കിട്ടിയിരുന്നു.
വെള്ളിയാഴ്ച രാത്രി 10.30-നോടെ കാട്ടിലപ്പള്ളിയിലെ ഒരു കടയ്ക്കുമുൻപിൽ പ്രതികളും സ്വാലിഹും തമ്മിൽ തർക്കമുണ്ടായതാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ, സ്വാലിഹ് തന്റെ പട്ടിയെ ആളുകൾക്ക് ഭയമുണ്ടാക്കുന്ന രീതിയിൽ കടയ്ക്കു മുന്നിൽ അഴിച്ചുവിട്ടെന്നും ഇത് സംഘർഷത്തിനു കാരണമായെന്നുമാണ് പോലീസിന് ലഭിച്ച ഒരു മൊഴി. എന്നാൽ പ്രാവുവളർത്തൽ സംബന്ധിച്ച തർക്കമാണെന്നുൾപ്പടെ പലതരത്തിലുള്ള മൊഴികൾ ലഭിച്ചെങ്കിലും പട്ടിയെ അഴിച്ചുവിട്ട തർക്കമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
ഈ സംഭവത്തെ ചൊല്ലിയുണ്ടായ അടിപിടിക്കിടെ ആഷിക്കിനെ ആനപ്പടി കൊല്ലേരിക്കൽ റഷീദ് (36) താക്കോൽകൊണ്ട് നെറ്റിയിൽ കുത്തിയിരുന്നു. ഈ പരിക്കുമായി ചോരയൊലിക്കുന്ന നിലയിൽ ആഷിക്ക് വീട്ടിലെത്തിയതോടെ വീട്ടുകാർ ക്ഷുഭിതരായി. തുടർന്ന് ആഷിക്കിനെയുംകൂട്ടി റഷീദിനെ തിരഞ്ഞുപോയി. വഴിയിൽവെച്ച് ഇവർ റഷീദ്, സ്വാലിഹ്, ചാത്തേരിപ്പറമ്പിൽ നൗഷിക്ക് എന്നിവരെ കാറിൽ കാണുകയും വീണ്ടും അടിപിടി ഉണ്ടാവുകയുമായിരുന്നു.
ഈ മർദ്ദനത്തിനിടെയാണ് സ്വാലിഹിനു കുത്തേറ്റതും ചോരവാർന്ന് മരണപ്പെട്ടതും. സ്വാലിഹിന് കുത്തേറ്റതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടിരുന്നു. റഷീദിനെയും നൗഫീക്കിനെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആഷിഖിനെയും വീട്ടുകാരെയും തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ പോലീസ് തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.