കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ രണ്ടാം ദിവസവും വന്‍ ഗതാഗത കുരുക്ക് തുടരുകയാണ്. എട്ടാം വളവില്‍ ലോറി കുടുങ്ങി ഞായറാഴ്ച വൈകീട്ട് മുതല്‍ അര്‍ധരാത്രി വരെ കുരുക്കുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും ഗതാഗതം സ്തംഭിച്ചു.
പൂജ അവധിയാഘോഷത്തിനായി വിനോദസഞ്ചാരികള്‍ വയനാട്ടിലേക്ക് തിരിച്ചതോടെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഇന്നലെ വൈകുന്നേരം എട്ടാം വളവില്‍ ലോറി കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ക്രെയിനിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കം ചെയ്തത്. മൂന്ന് കിലോമീറ്റര്‍ പിന്നിടാന്‍ പോലും ഒന്നര മണിക്കൂര്‍ വേണ്ടി വന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ ബാഹുല്യം കൂടിയായതോടെ ഗതാഗതം മന്ദഗതിയിലായി.
അതേസമയം, ചുരം വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവര്‍ മറ്റു വഴികള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ചുരം വഴി വരുന്നവര്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതണമെന്നും അധികൃതരുടെ നിര്‍ദേശമുണ്ട്. ചുരം കയറാന്‍ ഇന്ന് രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ അധികസമയം എടുത്തേക്കും.
വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കുരുക്കഴിക്കുക ശ്രമകരമായി തുടരുകയാണ്. ഗതാഗത നീക്കം സുഗമമാക്കുന്നതിനായി പൊലീസും എന്‍ഡിആര്‍എഫും ശ്രമം തുടരുകയാണ്. റോഡില്‍ വാഹന തടസ്സം കണ്ടാല്‍ ഓവര്‍ ടേക്ക് ചെയ്യരുത്, റോഡിന്റെ ഇടതുവശം ചേര്‍ത്ത് വാഹനം ഓടിക്കുക, വ്യൂ പോയിന്റുകളില്‍ വാഹനം നിര്‍ത്താതിരിക്കുക. ഭക്ഷണവും വെള്ളവും കയ്യില്‍ കരുതുക, മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്ത അവസ്ഥയുണ്ട്. വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനനുസരിച്ച് കരുതുക. പ്ലാസ്റ്റിക് മാലിന്യം ചുരത്തില്‍ വലിച്ചെറിയരുത് എന്നീ കാര്യങ്ങള്‍ ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്നലെ 16 ചക്രമുള്ള ലോറി ചുരത്തിന്റെ വളവില്‍ കുരുങ്ങിയപ്പോള്‍ നന്നാക്കാനാവത്ത സാഹചര്യമുണ്ടാവുകും പിന്നീട് ക്രെയിനുപയോഗിച്ച് എടുത്തു മാറ്റുകയുമായിരുന്നു. ഇത് ഗതാഗതം തടസ്സപ്പെടുന്നതിന് കാരണമായിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് പലരും ചുരം കയറി പോയത്. അവധി ആഘോഷിക്കാനെത്തിയ ആളുകളുടെ വലിയ തിരക്കാണ് ചുരത്തില്‍ അനുഭവപ്പെടുന്നത്.
Discussion about this post