അങ്ങാടിപ്പുറം: നീന്തല്‍ പഠിച്ചു തുടങ്ങിയ അപര്‍ണ കൂട്ടുകാരികള്‍ക്കൊപ്പം നീന്തുന്നതിനിടെയാണ് നിലതെറ്റി വെള്ളത്തില്‍ മുങ്ങിത്താണുപോയത്. കൈകാലിട്ടടിക്കുന്ന അപര്‍ണയെ കണ്ട് എന്തുചെയ്യണമെന്നറിയാതെ മരവിച്ചുപോയ കൂട്ടുകാരികള്‍ക്ക് വാവിട്ട് കരയാനേ സാധിക്കുമായിരുന്നുള്ളൂ; ഈ സമയത്താണ് രക്ഷകനായി 14കാരന്‍ നീന്തിയെത്തിയത്. അപര്‍ണയെ മുടിയില്‍ പിടിച്ച് നീന്തി സുരക്ഷിതമായി കരയ്‌ക്കെത്തിക്കാന്‍ ഈ കൊച്ചുമിടുക്കന് സാധിച്ചു. നാടാകെ അഭിനന്ദിക്കുകയാണ് ഈ വിദ്യാര്‍ത്ഥിയെ ഇപ്പോള്‍.
അങ്ങാടിപ്പുറം ചെരക്കാപറമ്പ് പുത്തന്‍കുളത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അല്‍പം വൈകിയിരുന്നെങ്കില്‍ ദുരന്തപര്യവസാനിയായി മാറിയേക്കാവുന്ന സംബയവം നടന്നത്. കൂട്ടുകാരികളോടൊപ്പം കുളത്തില്‍ കുളിക്കാന്‍ എത്തിയവൈലോങ്ങര വീട്ടില്‍ അപര്‍ണ(22)യാണ് കുള്തതില്‍ മുങ്ങിപ്പോയത്. നീന്തല്‍ പഠിച്ചുവരുന്നതേയുള്ളൂ അപര്‍ണ. നീന്താനായി കുളത്തിലേക്ക് ഇറങ്ങിയ ഭാഗത്ത് ആഴം കൂടുതലായതിനാല്‍ നിലകിട്ടാതെ പെട്ടെന്ന് മുങ്ങിത്താണു പോവുകയായിരുന്നു.
ഇതുകണ്ട് കൂടെ ഉണ്ടായിരുന്നവര്‍ കരഞ്ഞു ബഹളംവെച്ചു. ഇതേ കുളത്തിന്റെ മറുഭാഗത്ത് നീന്തുകയായിരുന്ന അഭിനവ് എന്ന പതിനാലുകാരനാണ് ഉടന്‍ അങ്ങോട്ടു നീന്തിയെത്തി അപര്‍ണയുടെ മുടിയില്‍പ്പിടിച്ച് ഉയര്‍ത്തി രക്ഷിച്ചത്. നീന്തി കരയ്ക്ക് എത്തിക്കുകയും ചെയ്തു ഈ കുട്ടി.
പത്തുമീറ്ററിലേറെ ആഴമുള്ള പുത്തന്‍കുളം പഞ്ചായത്ത് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തുന്ന കുളമാണ്. നിരവധി പേരാണ് ഈ പുത്തന്‍കുളത്തില്‍നിന്ന് നീന്തല്‍ പഠിച്ചിട്ടുള്ളത്. അപര്‍ണ എടത്തനാട്ടുകരയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്.
തരകന്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ്. അങ്ങാടിപ്പുറം പഞ്ചായത്ത് ഡ്രൈവര്‍ എടത്തൊടി സുധീഷിന്റെയും പെരിന്തല്‍മണ്ണ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി ധന്യയുടെയും മകനാണ്. ജീവന്‍ രക്ഷിച്ച അഭിനവിന്റെ വീട്ടിലെത്തിയ അപര്‍ണ സ്‌നേഹോപഹാരമായി ഒരു വാച്ച് സമ്മാനിക്കുകയും ചെയ്തു. വലിയവീട്ടില്‍പ്പടി അക്ഷരസംഘം വായനശാലാംഗമായ അഭിനവിനെ വായനശാലാ പ്രവര്‍ത്തകരും നാട്ടുകാരും വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.