ആര്യനാട്: വീട്ടിനുള്ളിലെ വസ്ത്രങ്ങളും പേപ്പറുകളുമെല്ലാം തനിയെ കത്തുന്നു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി.സത്യന്റെ വീട്ടിലാണ് അപൂര്‍വ്വ സംഭവം. ഭീതിയിലായ കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണിപ്പോള്‍.
സംഭവത്തില്‍ വീട്ടുകാര്‍ പഞ്ചായത്തിലും ആര്യനാട് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. 15ന് രാത്രി 9 മുതല്‍ ആണ് പേടിപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. വസ്ത്രങ്ങള്‍ വീടിന് പുറത്തിടുമ്പോള്‍ കുഴപ്പമില്ലെന്നും വീട്ടിനുള്ളിലെ ഒത്തിരി വസ്ത്രങ്ങളാണ് തീപിടിച്ച് കത്തിയതെന്നും സത്യന്‍ പറയുന്നു.
അലമാരയിലും സമീപത്തെ സ്റ്റാന്‍ഡില്‍ ഇട്ടിരുന്ന വസ്ത്രങ്ങളിലും ആണ് ആദ്യം തീ കത്തിയത്. പുക വന്നതിനു പിന്നാലെ വസ്ത്രങ്ങള്‍ കത്തുകയായിരുന്നുവെന്നും സംഭവം പഞ്ചായത്തംഗം ഐത്തി അശോകനെ അറിയിച്ചിരുന്നുവെന്നും സത്യന്‍ പറയുന്നു.
സംഭവത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്ന് കരുതി ഇലക്ട്രിഷ്യനെയും കണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം, പരിശോധനയില്‍ വയറിങ്ങിന് തകരാര്‍ ഉള്ളതായി കണ്ടില്ലെന്നും പഞ്ചായത്തംഗം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തും വസ്ത്രങ്ങള്‍ അഗ്‌നിക്കിരയായെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു. സത്യനും ഭാര്യ ജെ.സലീനയും മകനും ചെറുമക്കളും ആണ് വീട്ടില്‍ താമസം.