വിഴിഞ്ഞം: കളിക്കുന്നതിനിടെ 50 അടി താഴ്ചയും 20 അടിയിലേറെ വെള്ളവുമുള്ള കിണറ്റില്‍ വീണ 12കാരിയ്ക്ക് അത്ഭുതരക്ഷ. വെങ്ങാനൂര്‍ സുനിത ഭവനില്‍ സുനിതയുടെ മകള്‍ അനാമിക(12) യെയാണ് വിഴിഞ്ഞം ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1ന് വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി പാലത്തിനു സമീപമാണ് സംഭവം. അമ്മ നടത്തുന്ന സ്ഥാപനത്തോട് ചേര്‍ന്നുള്ള കിണറ്റിനുള്ളിലാണ് അനാമിക വീണത്. കളിക്കുന്നതിനിടെ കിണറ്റിന് മുകളിലെ ഗ്രില്ലില്‍ ഇരിക്കുമ്പോള്‍ ഇതു തകര്‍ന്നാണ് കുട്ടി ഉള്ളിലേക്ക് വീണത്.
മേല്‍ ഭാഗത്ത് ഒന്നരയടിമാത്രം വീതിയുള്ള കിണറിനുള്ളിലേക്ക് ഇറങ്ങിയുള്ള രക്ഷാദൗത്യം വെല്ലുവിളിയായിരുന്നു. അനാമിക വീഴുന്നത് കണ്ട് അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ കുട്ടി കിണറ്റില്‍ സ്ഥാപിച്ച പമ്പ് സെറ്റു ബന്ധിച്ച കയറില്‍ പിടിച്ച് കിടക്കുകയായിരുന്നു.
കിണറ്റില്‍ 20 അടിയിലേറെ വെള്ളമുണ്ടായിരുന്നു. ഫയര്‍ ആന്‍ഡ് സേഫ്ടി ഓഫിസര്‍ ജി.രാജീവ് ഓക്‌സിജന്‍ സിലിണ്ടര്‍ സഹായത്തോടെ കിണറ്റിനുള്ളില്‍ ഇറങ്ങി ബാലികയെ വലയില്‍ കയറ്റി കരയ്‌ക്കെത്തിച്ചു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി. പെണ്‍കുട്ടി ആരോഗ്യവതിയാണെന്ന് ഡോക്ടര്‍ അറിയിച്ചു.
വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി പിരിശോധിച്ചു. കിണറിന്റെ കൈവരി ഉയരം കൂട്ടി ഗ്രില്‍ സ്ഥാപിച്ചു സുരക്ഷിതമാക്കാന്‍ വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്റ്റേഷന്‍ ഓഫിസര്‍ അറിയിച്ചു.
Discussion about this post