തിരുവനന്തപുരം: 50 അടി താഴ്ചയുള്ള കിണറിലേക്ക് വീണ 12 വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങാനൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ അനാമിക (12) യാണ് അപകടത്തില്‍പ്പെട്ടത്. കിണറിന്റെ കൈവരിയില്‍ ഇരുന്ന് കളിച്ച പന്ത്രണ്ട് കാരിയാണ് അബദ്ധത്തില്‍ കിണറിനുള്ളില്‍ വീണത്. 50 അടി താഴ്ചയുള്ള കിണറില്‍ വീണെങ്കിലും കുട്ടി പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന്റെ ഫലമായി കരയില്‍ കയറ്റിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പരിക്കുകള്‍ ഇല്ലെന്നും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കല്ലുവെട്ടാന്‍ കുഴിയില്‍ ഒരു വാടക കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സുനിത ഒരു കട തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ കട തുറക്കാനെത്തിയ അമ്മയ്ക്കൊപ്പമാണ് കുട്ടിയും എത്തിയത്. കടയുടെ സമീപത്തുള്ള കിണറിനുള്ളിലാണ് കുട്ടി വീണത്.
രണ്ടടിയോളം ഉയരത്തില്‍ കൈവരിയുള്ള കിണറിന്റെ മുക്കാല്‍ ഭാഗവും കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയ കിണറിന്റെ വക്കിലിരുന്ന് ബലൂണ്‍ വച്ച് കളിക്കുകയായിരുന്ന കുട്ടി കാല് വഴുതി കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് നിലവിളിച്ച അമ്മയുടെ ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍ കഴുത്തറ്റം വെള്ളത്തിലായ പെണ്‍കുട്ടി കിണറിനുള്ളിലെ പെപ്പില്‍ പിടിച്ച് കിടക്കുകയായിരുന്നു. കിണറിനുള്ളില്‍ നിന്ന് കുട്ടിയുടെ പ്രതികരണം കേട്ട നാട്ടുകാര്‍, പിടിച്ച് നില്ക്കാന് ഒരു കയര്‍ കൂടി താഴെക്ക് ഇട്ടു കൊടുത്തു.
തുടര്‍ന്ന് വിഴിഞ്ഞം പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. ഇരുളടഞ്ഞ കിണറില്‍ വായു സഞ്ചാരം സുഗമമാക്കാനുള്ള ശ്രമം ഫയര്‍ ഫോഴ്സ് നടത്തി. തുറന്ന് വച്ച ഒരു ഓക്സിജന്‍ സിലിണ്ടര്‍ കയറില്‍ കെട്ടി കിണറിനുള്ളിലേക്ക് ഇറക്കി. തുടര്‍ന്ന് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഫയര്മാന് രാജീവ് ഏറെ സാഹസപ്പെട്ട് കിണറില്‍ ഇറങ്ങി പൈപ്പിലും കയറിലുമായി പിടിച്ച് കിടന്ന കുട്ടിയെ വലയ്ക്കുള്ളിലാക്കി കരക്ക് കയറ്റി. കരയ്ക്ക് എത്തിച്ച പെണ്‍കുട്ടിയെ ഉടനെ വിഴിഞ്ഞം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post