കോഴിക്കോട് : കത്വ ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കോഴിക്കോട് കുന്നമംഗലം സിഐയ്ക്ക് സസ്‌പെന്‍ഷന്‍. നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ തെളിവില്ലെന്നാണ് കുന്നമംഗലം സിഐ യൂസഫ് നടുത്തറേമ്മല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ കേസ് അടുത്ത വര്‍ഷം ഫെബ്രവരി 9ന് കുന്നമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
ഇതിന് പിന്നാലെ കേസന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തിയതും സിഐക്കെതിരായി നടപടിയെടുത്തതും. സിഐ കൃത്യമായി അന്വേഷണം നടത്താതെയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് കണ്ടെത്തല്‍.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ എന്നിവര്‍ക്ക് എതിരായ കത്വ ഫണ്ട് തിരിമറി കേസ് അന്വേഷിച്ച കുന്നമംഗലം സിഐയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് ജോലി ചെയ്യാനാകില്ലെന്ന് ആരോപണ വിധേയനായ പികെ ഫിറോസ് പ്രതികരിച്ചു. തന്നെ തൂക്കിക്കൊല്ലണമെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കില്‍ സിഐയ്ക്ക് അനുമോദനം ലഭിക്കുമായിരുന്നെന്നും ഫിറോസ് ആരോപിച്ചു. അങ്ങനെ ചെയ്യാത്തതിനാലാണ് നിലവിലെ നടപടിയെന്നാണ് ഫിറോസിന്റെ വാക്കുകള്‍. യൂത്ത് ലീഗ് മുന്‍ ദേശീയ കമ്മിറ്റി അംഗമായിരുന്ന യൂസഫ് പടനിലമാണ് പരാതിക്കാരന്‍.