തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാംജന്മദിനം. വി എസ് അച്യുതാനന്ദന്റെ പിറന്നാള്‍ ആഘോഷമാക്കാനൊരുങ്ങുകയാണ് പാര്‍ട്ടിക്കാരും നാട്ടുകാരും.
മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ അനിഷേധ്യ പങ്ക് വഹിച്ച നേതാവാണ് വിഎസ് എന്ന് പിണറായി വിജയന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വിഎസ് നിലവില്‍ മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
മനുഷ്യനോട് സത്യസന്ധത പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു വിഎസ്. ആധുനിക കേരളീയ ജീവിതത്തെ അത്രമേല്‍ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്ത നിലപാടിയിരുന്നു അദ്ദേഹത്തിന്റേത്. ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ആയിരുന്നു ജനനം.
1939-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സിലാണ് നിരോധിത കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. സഖാവ് പി കൃഷ്ണപിള്ളയാണ് വിഎസിനുളളിലെ കമ്യൂണിസ്റ്റുകാരനെയും അദ്ദേഹത്തിന്റെ നേതൃപാടവവും തിരിച്ചറിഞ്ഞത്.