തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായിട്ടാണ് മഴ ലഭിക്കുക.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി സ്ഥിതിചെയ്യുകയാണ്. വരും മണിക്കൂറുകളില്‍ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ഇത് ശക്തി കൂടിയ ന്യൂനമര്‍ദമായി മാറും.
തുടര്‍ന്ന് ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂന മര്‍ദ്ദമായി മാറാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
also read: വീട്ടില്‍ അതിക്രമിച്ചുകയറി ആറുവയസ്സുകാരിയെ പീഡിപ്പിച്ചു, 26കാരന് 20 വര്‍ഷം കഠിനതടവ് ശിക്ഷ
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 21 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
ഒക്ടോബര്‍ 23 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.