കെഎസ്ആര്‍ടിസി നാലായിരം കോടിരൂപയിലധികം നഷ്ടത്തിലെന്ന് അഭിഭാഷകന്‍; അത്രയ്ക്ക് നഷ്ടത്തിലാണെങ്കില്‍ അടച്ചുപൂട്ടൂ എന്ന് സുപ്രീം കോടതി

ഹര്‍ജിയിലെ അന്തിമവാദം വ്യാഴാഴ്ചയാണ് നടക്കുക.

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിയ്ക്ക് നാലായിരം കോടിയിലധികം നഷ്ടമെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. പിന്നെ എന്തുകൊണ്ട് അടച്ചു പൂട്ടിക്കൂടായെന്ന് തിരിച്ച് ചോദിച്ച് സുപ്രീംകോടതി. ഇതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് വലിയ പ്രഹരം ഏറ്റതിനു സമാനമായിരുന്നു. താല്‍ക്കാലിക ജീവനക്കാരുടെ സേവനകാലാവധി പെന്‍ഷനു പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജിയിലെ അന്തിമവാദം വ്യാഴാഴ്ചയാണ് നടക്കുക.

അതേസമയം കെഎസ്ആര്‍ടിസിയിലെ താത്കാലിക കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവു സംബന്ധിച്ച് റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഎസ്‌സി റാങ്ക് പട്ടികയില്‍നിന്നുള്ളവരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളില്‍ തങ്ങളെ നിയമിക്കണമെന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യവും ഹൈക്കോടതി തള്ളി. താല്‍ക്കാലിക ഒഴിവില്ലെന്നും സ്ഥിര ഒഴിവുകള്‍ മാത്രമാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

തുടര്‍ന്ന്, നിലവില്‍ എത്ര റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവ് കെഎസ്ആര്‍ടിസിയിലുണ്ട്? പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്തു നടപടിയാണ് സ്വീകരിച്ചത്? പിഎസ് സി റാങ്ക് ലിസ്റ്റില്‍നിന്ന് എത്ര കണ്ടക്ടര്‍മാര്‍ ഇതുവരെ നിയമനം തേടി? എത്രപേരുടെ ഒഴിവാണ് ഇക്കുറിയുണ്ടായത് എന്നീ ചോദ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയോട് കോടതി ആരാഞ്ഞിട്ടുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി ചൊവ്വാഴ്ച രേഖാമൂലം എഴുതി കെഎസ്ആര്‍ടിസി രേഖാമൂലം എഴുതി നല്‍കണം. ശേഷം മാത്രമായിരിക്കും ഉത്തരവ്.

Exit mobile version