‘ഭാര്യയ്ക്ക് പാചകം അറിയില്ല, ഭക്ഷണം പാചകം ചെയ്തു തരുന്നില്ല’: വിവാഹ മോചനത്തിനുള്ള മതിയായ കാരണമല്ല; തൃശ്ശൂര്‍ സ്വദേശിയായ യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഭാര്യയ്ക്ക് പാചകം ചെയ്യാന്‍ അറിയാത്തതിന്റെ പേരില്‍ വിവാഹമോചനം തേടിയ യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്ക് ഭക്ഷണം പാചകം ചെയ്തു നല്‍കിയില്ലെന്ന ഭര്‍ത്താവിന്റെ വാദം വിവാഹമോചനത്തിനു മതിയായ കാരണമല്ലെന്ന് തൃശ്ശൂര്‍ സ്വദേശിയായ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് സോഫിതോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഭാര്യക്ക് പാചകമറിയില്ല, തന്റെ ജോലികളയാനായി വിദേശത്തുള്ള തൊഴിലുടമയ്ക്ക് കത്തെഴുതി, തന്റെ ശരീരത്തില്‍ തുപ്പി, മജിസ്ട്രേറ്റിന് കോടതിയിലടക്കം പരാതി നല്‍കി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിവാഹമോചനം അനുവദിക്കണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചത്.

തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന ആരോപണം ഭാര്യ ഉന്നയിച്ചെന്നും വാദിച്ചു. എന്നാല്‍, ഒന്നിച്ചുതാമസിക്കാനുള്ള ആഗ്രഹത്തിന്റെ പേരിലാണ് തൊഴിലുടമയ്ക്കടക്കം കത്തയച്ചതെന്നും മാനസിക പ്രശ്നങ്ങള്‍ക്ക് ഭര്‍ത്താവ് ചികിത്സ തേടിയിട്ടുണ്ടെന്നും ഭാര്യ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

Exit mobile version