പൊന്‍കുന്നം: പൊന്‍കുന്നം-പാലാ റോഡില്‍ കൊപ്രാക്കളത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച മൂവരും ഓട്ടോയാത്രക്കാരാണ്. അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത് (18) എന്നിവര്‍ക്കാണ് പരിക്ക്. ബുധനാഴ്ച രാത്രി 10.30-നായിരുന്നു അപകടം.
ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. ഓട്ടോറിക്ഷ പൊന്കുന്നത്തുനിന്ന് കൂരാലി ഭാഗത്തേക്ക് പോകുകയായിരുന്നു. എതിരേ വന്ന ജീപ്പ് ദിശതെറ്റിവന്ന് ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തിടനാട് സ്വദേശിയായ ആനന്ദ് കൊടുങ്ങൂരിലെ ഭാര്യ വീട്ടിലായിരുന്നു താമസം.