വീണ്ടും യുവതി പ്രവേശനം; പുലര്‍ച്ചെയും രാത്രിയിലുമല്ല, പട്ടാപ്പകല്‍ പ്രതിഷേധങ്ങളില്ലാതെ ശബരിമലയില്‍ യുവതി പ്രവേശനം! തമിഴ്‌നാട് സ്വദേശിനി ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്

സുപ്രീംകോടതി വിധി അനുകൂലമായതോടെ വീണ്ടും ശബരിമലയില്‍ യുവതി പ്രവേശനം.

സന്നിധാനം: സുപ്രീംകോടതി വിധി അനുകൂലമായതോടെ വീണ്ടും ശബരിമലയില്‍ യുവതി പ്രവേശനം. തമിഴ്‌നാട് സ്വദേശിനി സിങ്കാരി ശ്രീനിവാസനാണ് ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈരളി പീപ്പിള്‍ ടിവിയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ന് കാലത്ത് 11.30നും 12.30നും ഇടയിലായിരുന്നു ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. പോലീസിന്റെ വെര്‍ച്യല്‍ ക്യൂവില്‍ ബുക്ക് ചെയ്താണ് സിങ്കാരി ദര്‍ശനം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ 9 മണിക്ക് പമ്പയിലെത്തിയ ഇവര്‍ ദര്‍ശന ശേഷം വൈകീട്ടോടെ തിരിച്ച് പോയി.

വെര്‍ച്യല്‍ ക്യൂ അപേക്ഷയില്‍ 48 വയസാണെന്നാണ് കാണിച്ചിരിക്കുന്നത്. ദര്‍ശനം നടത്താനായതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി ഉള്ള കാത്തിരിപ്പാണ് സഫലമായതെന്നും അവര്‍ പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ ബിന്ദു അമ്മിണിയും കനക ദുര്‍ഗ്ഗയും അടക്കം മൂന്നു യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബിന്ദുവിന്റെയും കനകദുര്‍ഗ്ഗയുടെയും ശബരിമല പ്രവേശനത്തിന് മുന്‍പ് തമിഴ് വംശജരായ 3 മലേഷ്യന്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Exit mobile version