തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായിട്ടാണ് മഴ ലഭിക്കുക. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ശക്തി പ്രാപിച്ച് തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി മാറിയത്.
വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് അടുത്ത 24 മണിക്കൂറില്‍ ശക്തി കൂടിയ ന്യൂനമര്‍ദമാവുകയും തുടര്‍ന്ന് ഒക്ടോബര്‍ 21 ഓടേ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 20 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Discussion about this post