തിരുവനന്തപുരം: നൂറാം ജന്‍മദിനം ആഘോഷിക്കാനൊരുങ്ങി വിഎസ് അച്യുതാനന്ദന്‍. പത്ത് പതിറ്റാണ്ടു നീണ്ട വിജയകരമായ ജീവിതയാത്രയിലൂടെ സഖാവ് നടന്നുകയറിയത് ജനഹൃദയങ്ങളിലേക്കാണ്.
നൂറാം ജന്‍മദിനം അടുത്തിരിക്കെ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് വിഎസിന്റെ നൂറാം പിറന്നാള്‍. കിടപ്പാണെങ്കിലും ടിവി കണ്ടും പത്രം വായിച്ചുകേട്ടും സമകാലിക സംഭവങ്ങളെല്ലാം വി.എസ് അറിയുന്നുണ്ടെന്നും അരുണ്‍ പറഞ്ഞു.
2019 ഒക്ടോബര്‍ മുതല്‍ വിഎസ് വിശ്രമത്തിലാണ്. പക്ഷാഘാതമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചത്. അതുവരെ അദ്ദേഹം ശീലിച്ചിരുന്ന ചിട്ടയായ ജീവിത ശൈലിയാണ് നൂറാം വയസ്സിലും വിഎസിനെ നയിക്കുന്നത്. പക്ഷാഘാതം കൈയ്യിന്റെ ചലനശേഷിയെ ബാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് മാറി.
അഞ്ച് വര്‍ഷം മുമ്പുവരെ കൃത്യമായി പിന്തുടര്‍ന്നുപോന്നിരുന്ന ദിനചര്യകള്‍ കായികതാരങ്ങളുടേതിന് സമാനമായിരുന്നു. നടത്തമാണ് വിഎസിന്റെ കരുത്തിന് ആധാരം. ക്ലിഫ് ഹൗസ്, കന്റോണ്‍മെന്റ് ഹൗസ് അങ്കണങ്ങളില്‍ മാത്രമല്ല ഡല്‍ഹി കേരള ഹൗസിന്റെ വരാന്തകളും ആ നടത്തത്തിന് സാക്ഷികളായിരുന്നു. ആദ്യകാലങ്ങളില്‍ സ്റ്റേഡിയങ്ങളിലായിരുന്നു പതിവ്. രാവിലത്തെ നടത്തം കഴിഞ്ഞാല്‍ പിന്നെ പ്രത്യേക കൂട്ടുകള്‍ ചേര്‍ത്ത എണ്ണ തേച്ച് വെയില്‍ കായും. സൂര്യനമസ്‌കാരം. ചെറിയ യോഗാഭ്യാസം. ഈ ചിട്ടയായ ജീവിതമാണ് അദ്ദേഹത്തിനെ എണ്‍പത്തിരണ്ടാം വയസ്സില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സഹായിച്ചത്.