തൃശൂര്‍: ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച് വിളയിച്ച പച്ചക്കകറികളെല്ലാം കള്ളന്മാര്‍ കൊണ്ടുപോയയത് വലിയ നോവാണ് ഈ കുഞ്ഞുഹൃയങ്ങള്‍ക്ക് സമ്മാനിച്ചത്. കൊച്ചുകുട്ടികളായ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് വളര്‍ത്തിയ പച്ചക്കറിയാണ് ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടത്. അത്രയും ദിവസത്തെ അധ്വാനവും പ്രതീക്ഷയും നഷ്ടപ്പെട്ട് കരഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസം നല്‍കാനായി ജില്ലാ കളക്ടര്‍ വിആര്‍ കൃഷ്ണ തേജ ഐഐഎസ് വിളിപ്പിച്ചത് തെല്ലൊന്നുമല്ല ഇവര്‍ക്ക് ഇപ്പോള്‍ ആശ്വസമാകുന്നത്.
ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പിഎസിലെ സ്‌കൂള്‍ വളപ്പിലെ മോഷണ വാര്‍ത്തയറിഞ്ഞ് ഈ സ്‌കൂളിലെ മിടുക്കരായ ‘കുട്ടികര്‍ഷകരെ’ കാണാനായി കളക്ടര്‍ വിളിപ്പിക്കുകയായിരുന്നു. ചുറ്റും പോലീസ് നില്‍ക്കുന്ന കളക്ട്രേറ്റിലേക്ക് കയറി വന്നപ്പോള്‍ 28 പേരും ആദ്യമൊന്ന് പേടിച്ചു. എന്നാല്‍, നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ എവിടെപ്പോയി എന്ന് കളക്ടര്‍ ചോദിച്ചതോടെ പേടിയൊക്കെ മാറ്റിവെച്ച് ‘കള്ളന്മാര് കൊണ്ടുപോയി സാറേ’- എന്ന് പരിഭവിക്കുകയായിരുന്നു കുട്ടിക്കൂട്ടം.
ഉടനെ തന്നെ പച്ചക്കറി പോയതിന്റെ വിഷമം മാറാന്‍ ഒരു സമ്മാനം തരട്ടെ എന്നു കളക്ടര്‍ ചോദിക്കുകയും, എഴുതാനും വായിക്കാനും ദൃശ്യങ്ങള്‍ കാണാനും കഴിയുന്ന ഇന്റര്‍ ആക്ടീവ് ഫ്‌ലാറ്റ് പാനല്‍ കുഞ്ഞുങ്ങള്‍ക്ക് കളക്ടര്‍ സമ്മാനിക്കുകയും ചെയ്തു.
ഉച്ചഭക്ഷണത്തിന്റെ ആവശ്യത്തിന് ഉപയോഗപ്പെടുത്താനായി കുട്ടികളും അധ്യാപകരും ഒരുമിച്ചാണ് സ്‌കൂള്‍ വളപ്പില്‍ തന്നെ പച്ചക്കറി നട്ടത്. എന്നാല്‍ വിളവെടുക്കാനായ സമയത്ത് രാത്രിയില്‍ പച്ചക്കറികള്‍ മോഷണം പോവുകയായിരുന്നു. ആരാണ് മോഷ്ടിച്ചതെന്ന് ഒരു സൂചനയുമില്ല.
മോഷണ വാര്‍ത്ത അറിഞ്ഞ ജില്ലാകളക്ടര്‍ കുട്ടികള്‍ക്ക് ഒരു സമ്മാനം നല്‍കി ആശ്വസിപ്പിക്കാന്‍ തീരുമാനിച്ചാണ് 28 കുട്ടികളെയും കലക്ടറേറ്റിലേക്ക് വിളിപ്പിച്ചത്. മോഷണത്തിന് ശേഷവും സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണംമുണ്ടെന്നാണ് അധ്യാപകര്‍ കളക്ടറെ ബോധിപ്പിച്ചത്. ഞായറാഴ്ച രാത്രി സ്‌കൂളിലേക്കുള്ള മൈക്കിന്റെ വയര്‍ ആരോ കേടുവരുത്തിയതായി അധ്യാപകര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ പുതുക്കാട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
പതിവായി സ്‌കൂളിന് നേരെയുണ്ടാകുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ സ്‌കൂള്‍ വളപ്പ് മതില്‍ കെട്ടി തിരിക്കാന്‍ സഹായം ചെയ്യണമെന്നായിരുന്നു അധ്യാപകരുടെ അഭ്യര്‍ഥന.
കളക്ടറെ കാണാനായി പ്രധാന അധ്യാപകന്‍ നിക്‌സണ്‍ കെ പോള്‍, അധ്യാപകരായ നിബിത കുര്യന്‍, പിഒ ജെസ്സി, ബാബു, മാനേജര്‍ രാജു തലയ്ക്കാട്ടില്‍, സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി സാബു പായമ്മേല്‍, കുക്ക് പ്രേമ എന്നിവരും എത്തിയിരുന്നു.