കൂട്ടുകാരനെ രക്ഷിക്കാന്‍ ഓരോരുത്തരായി ഇറങ്ങി; 4 പേര്‍ക്കും ജീവന്‍ നഷ്ടമായി, നോവായി വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം

വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈന്‍, കെ. അര്‍ജുന്‍, അബി ജോണ്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്.

തൃശൂര്‍: ഒരു നാടിനെ മുഴുവന്‍ കണ്ണീരിയാഴ്ത്തിരിക്കുകയാണ് തൃശൂര്‍ കൈനൂര്‍ ചിറയില്‍ നാല് വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് ദാരുണ അപകടം നടന്നത്. ചിറയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈന്‍, കെ. അര്‍ജുന്‍, അബി ജോണ്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്.

കൂട്ടുകാരിലൊരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മറ്റ് മൂന്ന് പേരും അപകടത്തില്‍ പെട്ടത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും യുവാക്കളുടെ ജീവന്‍ രക്ഷിക്കാനായില്ല.


മരിച്ച നാല് വിദ്യാര്‍ഥികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അബി ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളുമാണ്.

സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമായിട്ടും മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന വാച്ച് മാനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയൊരാളെ നിയമിച്ചിട്ടുമില്ല. പ്രദേശത്ത് എക്‌സൈസ് നിരീക്ഷണമുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സുരക്ഷാ ജീവനക്കാരനും മറ്റുമുണ്ടായിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി കുറയുമായിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം.

Exit mobile version