കൊച്ചി: ശബരിമലയിലെ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തള്ളി സര്‍ക്കാര്‍.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ അവിടെയുണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടില്‍ പരമാര്‍ശമില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു. യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നത് ശരിയല്ല. മറ്റ് ഭക്തരുടെ ദര്‍ശനത്തെ ഇത് ബാധിക്കുമെന്ന കണ്ടെത്തല്‍ സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവുമാണെന്നും സര്‍ക്കാര്‍.
യുവതി പ്രവേശനശ്രമം നടന്നപ്പോള്‍ സന്നിധാനത്ത് ചിലര്‍ നിയമം കൈയിലെടുത്ത നടപടിയെ പറ്റി റിപ്പോര്‍ട്ടില്‍ മിണ്ടുന്നില്ല. നിരീക്ഷണ സമിതിയെ തത്സമയ തീരുമാനങ്ങളെടുക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണ സമിതി ചുമതലയില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണെന്നും പോലീസ്, ദേവസ്വം ബോര്‍ഡിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി തത്സമയ തീരുമാനമെടുക്കാനുള്ള സമിതി ആ ചുമതല നിര്‍വ്വഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. പത്തനംതിട്ട എസ്പി ടി നാരായണനാണ് സര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.