പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി പോലീസ് ജീപ്പ്; ഇന്ധനം നിറയ്ക്കുകയായിരുന്ന കാറും ഫ്യുവല്‍ മെഷീനും തകര്‍ത്തു

കണ്ണൂര്‍: കാള്‍ടെക്സ് ജംക്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറി. പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാര്‍ പോലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. കാറിടിച്ച് പെട്രോളടിക്കുന്ന യന്ത്രം തകര്‍ന്നു.

തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കണ്ണൂര്‍ എആര്‍ ക്യാംപിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പിന് ഇന്‍ഷൂറന്‍സ് ഇല്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പമ്പിലെത്തി പരിശോധന നടത്തും.

സംഭവം അന്വേഷിക്കുമെന്നു കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്കുമാര്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തും. വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി

കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയ ശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്. തുടര്‍ന്ന് പമ്പില്‍ പെട്രോളടിക്കാനെത്തിയ എസ്പ്രസ്സോ കാറില്‍ച്ചെന്ന് ഇടിച്ചു. പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീനടക്കം തകര്‍ത്താണ് ജീപ്പ് കാറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറും മെഷീനും തകര്‍ന്നു.

Exit mobile version