തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മഴക്കെടുതി രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പ്രൊഫഷനല്‍ കോളജുകളും കേന്ദ്രീയ വിദ്യാലയങ്ങളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് അവധി. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും. വരുന്ന അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കരമന, നെയ്യാര്‍, വാമനപുരം നദികളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തലസ്ഥാനത്ത് ഇനിയും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. കഴക്കൂട്ടം, വെള്ളായണി, കുറ്റിച്ചല്‍ ഭാഗങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയില്‍ 27 ക്യാമ്പുകളിലായി 875 പേരെ മാറ്റി പാര്‍പ്പിച്ചു.
Discussion about this post