സോഷ്യല്‍മീഡിയയിലെ ബൈക്ക് അഭ്യാസികള്‍ ജാഗ്രതൈ! ഏഴ് യുവാക്കള്‍ക്ക് എതിരെ കേസ്; ലൈസന്‍സ് റദ്ദാക്കുന്നത് 30 പേരുടെ; പിഴ 3,59,250 രൂപ

തിരുവനന്തപുരം: പൊതുനിരത്തില്‍ ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി ജനജീവിതം ദുസ്സഹമാക്കുന്ന യുവാക്കള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസും മോട്ടോര്‍വാഹനവകുപ്പും. വാഹനങ്ങളുടെ അമിതവേഗം, രൂപമാറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഏഴ് യുവാക്കളുടെപേരില്‍ കേസെടുക്കുകയും ചെയ്തു. ഇതുവരെ 30 പേരുടെ ലൈസന്‍സ് റദ്ദാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 3,59,250 രൂപ പിഴയിനത്തിലും ഈടാക്കി.

ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റിസെല്‍ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്. ട്രാഫിക്കിന്റെ ചുമതലയുള്ള ഐജി ജി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇരുചക്രവാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തി സാഹസികഅഭ്യാസങ്ങള്‍ ചെയ്ത് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവര്‍ക്കാണ് ഇപ്പോള്‍ ഇരുട്ടടിയായി പരിശോധന എത്തിയിരിക്കുന്നത്. ഇവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കുന്നത്.

ദക്ഷിണമേഖലാ ട്രാഫിക് എസ്പി ജോണ്‍സണ്‍ ചാള്‍സ്, ഉത്തരമേഖലാ ട്രാഫിക് എസ്പി.ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാര്‍, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ ‘ശുഭയാത്ര’ വാട്‌സാപ്പ് നമ്പറില്‍ (9747001099) വീഡിയോയും ചിത്രങ്ങളും അയക്കാമെന്ന് പോലീസും എംവിഡിയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിലായി പൊതുനിരത്തില്‍ അപകടകരമായി റൈസിങ്ങുകള്‍ നടത്തുന്ന റൈഡര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കാനായി പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചെന്ന വിവരം മോട്ടോര്‍വാഹന വകുപ്പ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ALSO READ- പെണ്‍പ്രതിമ പരാമര്‍ശം; ‘ഒരുകോടി നഷ്ടപരിഹാരം നല്‍കണം’, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ജാതീയമായും അലന്‍സിയര്‍ അപമാനിച്ചെന്ന് കുടുംബം;

അപകടകരമായി ബൈക്ക് ഓടിച്ച് റീച്ചിന് വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേയാണ് നടപടി.സുരക്ഷിതമായി വാഹനമോടിക്കുന്ന ആളുകള്‍, കാല്‍നടയാത്രക്കാര്‍, വാഹനയാത്രക്കാര്‍ തുടങ്ങിയവരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനാണ് അഭ്യാസപ്രകടനം നടത്തുന്നവര്‍ക്ക് എതിരായ നടപടിയെന്നാണ് മോട്ടോര്‍വാഹന വകുപ്പ് പറയുന്നത്.

Exit mobile version