സ്വകാര്യസ്വത്ത് സംരക്ഷണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്

തിരുവനന്തപുരം: സ്വകാര്യസ്വത്ത് സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഹര്‍ത്താലുകളുടെയും പ്രതിഷേധങ്ങളുടെയും മറവില്‍ സ്വകാര്യ സ്വത്തുക്കള്‍ക്കെതിരേ വ്യാപകമായി അക്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് സ്വകാര്യസ്വത്ത് സംരക്ഷണ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് ബോധപൂര്‍വം ശ്രമിക്കുകയാണ്. ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതു സ്ഥാപനങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങി അവരുടെ അക്രമങ്ങള്‍ക്ക് ഇരയാകാത്ത ആരുമില്ലെന്ന സ്ഥിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബോധപൂര്‍വം സമാധാന അന്തരീക്ഷം തകര്‍ത്ത് മറ്റ് ചില നേട്ടങ്ങള്‍ ഉണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. അക്രമങ്ങള്‍ നടത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ അവര്‍ക്ക് സംരക്ഷണം ലഭിക്കുമായിരിക്കും. കേരളത്തില്‍ ആ കളി വേണ്ട. സംരക്ഷണം കിട്ടുമെന്ന് വ്യാമോഹിക്കേണ്ട. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ടെന്നും അതിനുള്ള ശേഷിയൊന്നും ബിജെപിക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

മുന്നോക്ക സമുദായങ്ങളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സാന്പത്തിക സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇക്കാര്യം സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. പ്രധാനമന്ത്രി വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version