തൃശ്ശൂര്‍: തൃശ്ശൂരിലെ ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പി സ്‌കൂളിലെ കുട്ടികള്‍ നട്ടു നനച്ച് വളര്‍ത്തിയ പച്ചക്കറികള്‍ മോഷണം പോയി. ഇതോടെ ദിവസവും വെള്ളമൊഴിച്ച് പച്ചക്കറികള്‍ പരിപാലിച്ച് വളര്‍ത്തിയ കുട്ടികള്‍ നിരാശയിലായി.
സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി കുട്ടികള്‍ ഒരുമയോടെ കൃഷി ചെയ്ത മത്തന്‍, തക്കാളി, വഴുതന, പച്ചമുളക് തുടങ്ങി അഞ്ച് കിലോയോളം പച്ചക്കറിയാണ് മോഷണം പോയത്.
ചില പച്ചക്കറി തൈകള്‍ ഗ്രോബാഗോഡ് കൂടി തന്നെ കള്ളന്‍ കൊണ്ടുപോയി. അടുത്തദിവസം വിളവെടുത്ത് പ്രത്യേക സദ്യ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുട്ടികള്‍. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണം കണ്ടെത്താന്‍ പാടുപെടുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് വലിയ ആശ്വാസമായിരുന്നു പച്ചക്കറിത്തോട്ടം.
അതുപോലെ തന്നെ മാസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്ത കപ്പയും മോഷണം പോയിരുന്നു. ഇതിനുപിന്നാലെ സ്‌കൂളിനു ചുറ്റും മതില് കെട്ടിയെങ്കിലും ഫലമുണ്ടായില്ല. ഇനി സിസിടിവി സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.
അതേസമയം, പച്ചക്കറി മോഷണത്തില്‍ പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ പച്ചക്കറികളാണ് മോഷണം പോയതെന്നും ആരായാലും ഇതൊന്നും ചെയ്യരുതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.