ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഭാര്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര് കൂടി പിടിയിലായി. ഭാര്യാ സഹോദരന് അടക്കമുള്ളവരാണ് പിടിയിലായത്. ഇതോടെ കേസിലെ 7 പ്രതികളും പിടിയിലായതായി പോലീസ് അറിയിച്ചു.
ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയില്‍ അബ്ബാസിനെയാണ് പ്രതികള്‍ വീട്ടില്‍ കയറി വെട്ടിയത്. സെപ്റ്റംബര്‍ 16 – നായിരുന്നു കേസിനാസ്പദമായ സംഭവം. അര്‍ദ്ധരാത്രി ഒന്നരയോടെയാണ് ഒരു സംഘം ആളുകള്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന അബ്ബാസിനെ വെട്ടിയത്. ഇതില്‍ പ്രതികളിലൊരാളായ ഷമീര്‍ അബ്ബാസിന്റെ വായില്‍ തുണി തിരുകി കയറ്റുകയും, ശിവപ്രസാദ് കത്തി കൊണ്ട് അബ്ബാസിനെ കുത്തുകയും ചെയ്തു.
അഷീറ ബീവിയുടെ സഹോദരനായ ഷാഹുല്‍ ഹമീദാണ് ഇവര്‍ക്ക് ആവശ്യമായ പണവും നിര്‍ദേശങ്ങളും നല്‍കിയത്. അതേസമയം, പിടിയിലായ പ്രതികളെ അബ്ബാസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ എറണാകുളം ഫോര്‍ട്ട് കൊച്ചി ഇരവേലി ഭാഗത്ത് ഷെമീര്‍, പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അഞ്ച്പാറ വിട്ടില്‍ ശിവപ്രസാദ്, പള്ളുരുത്തി നമ്പിയാര് മഠം ഭാഗത്ത് ആനക്കുഴിപറമ്പില്‍ ഷാഹുല്‍ ഹമീദ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടിയത്.
ഷാഹുല്‍ ഹമീദ് അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ബംഗളൂരു, കോയംമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയേയും മകന് മുഹമ്മദ് ഹസ്സനെയും, അയല്‍വാസികളും പള്ളുരുത്തി സ്വദേശികളുമായ ഷഹീര്‍, അനീഷ് ബാബു എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post