തിരുവനന്തപുരം: വര്‍ക്കല ശാലു വധക്കേസിലെ പ്രതി അനില്‍ കുമാറിന് ജീവപര്യന്തം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി ഉത്തരവ്. പിഴത്തുക ശാലുവിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഭര്‍ത്താവ് സജീവിനും നല്‍കാന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
2022 ഏപ്രില്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശാലു അനിലിന്റെ കൈയ്യില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കാത്ത വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അയിരൂര്‍ പോലീസാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കൊല്ലപ്പെട്ട ശാലുവിന്റെ ഭര്‍ത്താവ്, സഹോദരിമാര്‍, മകള്‍ ഉള്‍പ്പെടെ 33 സാക്ഷികളും, 118 രേഖകളും, 76 തൊണ്ടി മുതലകളും പ്രോസിക്യൂഷന്‍ വിചാരണ ഘട്ടത്തില്‍ ഹാജരാക്കിയിരുന്നു.
ഇളയമകന്റെ മുന്നില്‍ വച്ചാണ് പ്രതി അനില്‍കുമാര്‍ ശാലുവിനെ വെട്ടിയത്. സ്വകാര്യ പ്രസില്‍ ജോലി ചെയ്തിരുന്ന ശാലു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുമ്പോഴാണ് വീടിന് സമീപത്ത് തന്നെ താമസിക്കുന്ന അനില്‍ വെട്ടി പരിക്കേല്‍പിച്ചത്. കഴുത്തിനും ശരീരത്തില്‍ പലഭാഗങ്ങളിലും വെട്ടേറ്റ ഷാലു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. രണ്ട് മക്കളാണ് ഷാലുവിനുള്ളത്. ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുകയായിരുന്നു.