തൃശ്ശൂര്‍: ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റിലൂടെ വസ്ത്രം ഓര്‍ഡര്‍ ചെയ്ത വയോധികയ്ക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് അരലക്ഷത്തിലധികം രൂപ. 349 രൂപയുടെ വസ്ത്രം ഓര്‍ഡര്‍ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പോയത് 62,108 രൂപ. മണ്ണുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മണ്ണുത്തി സ്വദേശിനിയായ 77 വയസുകാരിയാണ് ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് 349 രൂപയുടെ വസ്ത്രം പണമടച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു. നിശ്ചിത ദിവസത്തിനകം വസ്ത്രം കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഇന്റര്‍നെറ്റിലൂടെ കണ്ടെത്തുകയും അവിടെ നിന്നും ലഭിച്ച നമ്പറില്‍ വസ്ത്രം വിതരണം ചെയ്യാത്തതിനെക്കുറിച്ച് അന്വേഷിച്ചു.
സാങ്കേതിക കാരണങ്ങളാല്‍ ഓര്‍ഡര്‍ ചെയ്ത വസ്ത്രം വിതരണം നടത്താന്‍ സാധിക്കില്ലെന്നും വസ്ത്രത്തിനുവേണ്ടി മുടക്കിയ തുക തിരിച്ചു നല്‍കാമെന്നാണ് കമ്പനി പറഞ്ഞു. തുടര്‍ന്ന് അവര്‍ അയച്ചു തന്ന ലിങ്ക് ഉപയോഗിച്ച് ഒരു ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയായിരുന്നു.
സൈബര്‍ തട്ടിപ്പ് നടക്കുന്നത് പ്രശസ്തമായ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകളുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ എന്ന പേരില്‍ കള്ളന്‍മാര്‍ അവരുടെ നമ്ബറുകള്‍ അടങ്ങിയ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിച്ചാണ്. ഇവര്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ സൈബര്‍ കള്ളന്‍മാര്‍ കൃത്രിമമായി സൃഷ്ടിച്ച വെബ്സൈറ്റ് ആയിരിക്കും കാണുക. യഥാര്‍ത്ഥ വെബ്സൈറ്റ് ആണെന്ന് കരുതി ഉപഭോക്താക്കള്‍ അതില്‍ പരാമര്‍ശിച്ചിരിക്കുന്ന ടെലിഫോണ്‍ നമ്പറില്‍ വിളിക്കുമ്പോള്‍ സൈബര്‍ കള്ളന്‍മാരുടെ കെണിയില്‍ അകപ്പെടുന്നു.