തൃശ്ശൂര്‍: സപ്തതിയ്ക്ക് നാലുവര്‍ഷങ്ങള്‍ മാത്രം ശേഷിക്കെ കൊട്ടുമോഹത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങി ബലറാംമാരാര്‍. കുലത്തൊഴിലായിട്ടും കുട്ടിക്കാലത്ത് നടക്കാതെ പോയ സ്വപ്‌നമാണ് 66ാം വയസ്സില്‍ റിട്ട മറൈന്‍ എഞ്ചിനീയറായ ബലറാംമാരാര്‍
സാക്ഷാത്കരിക്കുന്നത്.
ചിതലി രാമമാരാരുടെ സഹോദരപുത്രനും ആറ്റൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ മരുമകനുമായി ജനിച്ചെങ്കിലും അക്കാദമിക് വിദ്യാഭ്യാസത്തിന്റെ തിരക്കില്‍ ശാസ്ത്രീയമായി വാദ്യകല അഭ്യസിക്കാനായില്ല. ചെറുതുരുത്തിക്കടുത്ത് ആറ്റൂര്‍ മാരാത്ത് പാപ്പിമാരസ്യാരുടെയും ചിതലി കേശവമാരാരുടെയും മകനായ ബലറാം 9 വയസ്സുമുതല്‍ ആറ്റൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ പൂജ കൊട്ടും ശംഖുവിളിയും ഉള്‍പ്പടെ അടിയന്തരപ്രവൃത്തികള്‍ നോക്കിയിരുന്നു.
കുട്ടിക്കാലത്ത് ചിതലി രാമമാരാര്‍, പല്ലശ്ശന പത്മനാഭമാരാര്‍, തൃത്താല കേശവപ്പൊതുാള്‍,കുഞ്ഞികൃഷ്ണപൊതുവാള്‍, പല്ലാവൂര്‍ ബ്രദേഴ്‌സ് എന്നിങ്ങനെ പഴയ തലമുറയിലെ ഒട്ടനവധി വാദ്യവിദഗ്ദരുടെ തായമ്പകകള്‍ കാണാന്‍ ഗുരവായൂര്‍ ക്ഷേത്രസന്നിധിയെ നിത്യ സാന്നിധ്യമായിരുന്നു ബലറാം.
ആര്‍ത്തിരമ്പുന്ന ആഴക്കടലിലൂടെ കപ്പലിലെ അധ്വാനത്തിനിടയിലും മനസ്സില്‍ തായമ്പകയുടെ താളപ്പെരുക്കം അലയടിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ജോലിയില്‍ നിന്നും വിരമിച്ചത്. തൃശ്ശൂര്‍ ചെമ്പൂക്കാവിലെ ചേറൂര്‍ റോഡിലെ ഫ്‌ളാറ്റിലാണ് ബലറാം താമസിക്കുന്നത്.
ഒന്നരവര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെ കൊയിലാണ്ടിയിലെ കലാമണ്ഡലം ശിവദാസിന്റെ തായമ്പക പരിശീലനകളരിയുടെ പരസ്യം കണ്ട മാരാര്‍ പഠിക്കാനുള്ള മോഹം അറിയിച്ച് ശിവദാസിനെ ബന്ധപ്പെടുകയായിരുന്നു. ശിവദാസാണ് ഇരിങ്ങാലക്കുടയില്‍ താമസിക്കുന്ന കലാനിലയം ഉദയന്‍ നമ്പൂതിരിയെ പരിചയപ്പെടുത്തുന്നത്.
ഒട്ടനവധി പേര്‍ക്ക് തായമ്പകയുടെ താളങ്ങള്‍ പകര്‍ന്ന 50 കാരനായ ആശാന്‍ ബലറാമിനെ ശിഷ്യനാക്കി.കഴിഞ്ഞ നവരാത്രികാലത്ത് ഉദയന്‍നമ്പൂതിരിയുടെ ശിക്ഷണത്തില്‍ തായമ്പകയില്‍ പരിശീലനം ആരംഭിച്ചത്.
പാഠക്കയ്യുകളഉം പതികാലവും കൂറും കിരങ്കല്ലില്‍ പുളിമുട്ടി ഉപയോഗിച്ചാണ് കൊട്ടിയത്. ഇടകാലം ആയതിന് ശേഷമാണ് ചെണ്ടയുടെ വലംതലയിലേക്ക് മാറിയത്. ചെമ്പട്ടടവും ചെമ്പക്കൂറും ഇടകാലവുമായി 55 മിനിറ്റ് ദൈര്‍ഘ്യമുള്ള അടിയന്തിരത്തായമ്പക ആറ്റൂരമ്മയുടെ തിരുസന്നിധിയില്‍ നവരാത്രിയുടെ സായംസന്ധ്യയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ബലറാം കെ മാരാര്‍ എന്ന മുന്‍ മറൈന്‍ എഞ്ചിനീയര്‍.
Discussion about this post