കണ്ണൂര്‍: കണ്ണൂര്‍ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപം കാട്ടാന ഇറങ്ങി. ഇന്നലെ രാത്രിയോടെയാണ് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയത്. ഉളിക്കല്‍ ടൗണിേനാട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്.
വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
അതേസമയം, സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചുവരുകയാണ്. കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ടൗണിലേക്ക് ആളുകള്‍ വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. പുലര്‍ച്ചെ കൃഷി ഭവന് സമീപത്തെ കശുമാവിന് തോട്ടത്തിലാണ് കാട്ടാന ഉണ്ടായിരുന്നത്. പിന്നീട് മാര്‍ക്കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു.
കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയത്തൂര് വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകള്‍ക്കും അവധിയും നല്കി. ഉളിക്കലിലെ 9 മുതല്‍ 14 വരെയുള്ള വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിര്‍ത്തിവച്ചു.
Discussion about this post