കൊച്ചി: അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് ഇക്കാര്യം പറഞ്ഞതിനാണ് താന്‍ വിവാദത്തില്‍പ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹം. ശബരിമലയില്‍ അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാന്‍ അവകാശമില്ല.
രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനര്‍ജനിച്ച് നിങ്ങളുടെ താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്ന്… നിങ്ങള്‍ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്… ഇക്കാര്യം പറഞ്ഞതിനാണ് 2016ല്‍ താന്‍ വിവാദത്തില്‍പ്പെട്ടത്.
എനിക്ക് ബ്രാഹ്‌മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയവര്‍ ഇത് ദുര്‍വ്യാഖ്യാനം നടത്തി’. സുരേഷ് ഗോപി പറഞ്ഞു. പൂണൂലിട്ട വര്‍ഗത്തോട് തനിക്ക് അസൂയയാണെന്നും കണ്ഠര് രാജീവരും മോഹനരുമൊക്കെ ചെയ്യുന്ന ജോലി കാണുമ്പോള്‍ തനിക്ക് അതിയായ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.