തൃശ്ശൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട മദ്യലഹരിയില്‍ നടുറോഡില്‍ പോലീസിനെതിരെ ഭീഷണി മുഴക്കി. പുത്തന്‍പീടികയില്‍ വെച്ചായിരുന്നു ഗുണ്ടയുടെ പരാക്രമം. വെങ്കിടങ്ങ് സ്വദേശി സിയാദാണ് റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കത്തി വീശിയും പോലീസ് സംഘത്തിന് നേരേ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയ ഇയാളെ ഒടുവില്‍ അന്തിക്കാട് പോലീസ് ബലംപ്രയോഗിച്ചാണ് കീഴടക്കിയത്. പുത്തന്‍പീടികയിലെ കള്ളുഷാപ്പിന് മുന്നില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യപിച്ച് ലക്കുക്കെട്ട സിയാദ് നടുറോഡില്‍ പരാക്രമം കാണിക്കുന്നതറിഞ്ഞ് എത്തിയ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
പോലീസ് സംഘത്തോട് കയര്‍ത്ത ഇയാള്‍ പോലീസ് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ ഭീഷണി മുഴക്കി നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ കത്തിയും വീശി. താന്‍ 32 കേസുകളില്‍ പ്രതിയാണെന്ന് വീരവാദം മുഴക്കുകയും വീട്ടില്‍ പെണ്ണും കുട്ടികളുമില്ലേ എന്ന് ചോദിച്ച് പോലീസുകാര്‍ക്ക് നേരെ ചീറുകയുമായിരുന്നു.
ഇതിനുപുറമേ തുടര്‍ച്ചയായി അസഭ്യം പറയുകയും ചെയ്തതോടെ പോലീസ് ബലം പ്രയോഗിച്ച് സിയാദിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സിയാദ്.
ALSO READ- എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുന്ന വഴി ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു
ഇയാളുടെ പേരില്‍ തൃശ്ശൂര്‍ പാവറട്ടി സ്റ്റേഷനില്‍ മാത്രം 32 ക്രിമിനല്‍കേസുകളാണ് ഉള്ളത്. വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയായ ഇയാളെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നെന്ന് പോലീസ് അറിയിച്ചു.
ഈ കേസിന്റെ കാലയളവ് പൂര്‍ത്തിയായതിന് പിന്നാലെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച വൈകിട്ട് അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.