കൊച്ചി: ഒരു പ്രാവ് പറന്ന് വന്നത് റോഡില്‍ ഇരുന്നപ്പോള്‍ ഉണ്ടായത് വലിയ അപകടമാണ്. കൊച്ചി നഗരത്തിലാണ് അമ്പരപ്പിക്കുന്ന അപകടം സംഭവിച്ചത്. എവിടെ നിന്നോ വന്ന ഒരു പ്രാവ് വണ്ടിയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ സഡന്‍ ബ്രേക്ക് ഇട്ടു. ഇതാണ് വലിയ അപകടത്തിലേയ്ക്ക് നയിച്ചത്. അപ്രതീക്ഷിതമായി കാര്‍ ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസും മറ്റും വാഹനങ്ങളും പിന്നാലെ വന്ന് ഇടിച്ചു.
നിരനിരയായി അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയപാതയില്‍ പാലാരിവട്ടം ജങ്ഷന് സമീപമായിരുന്നു അപകടം. കണ്ടെയ്നറിന് പിന്നിലിടിച്ച കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മറ്റു വാഹനങ്ങള്‍ക്കൊന്നും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ഗുരുവായൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. കാറുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ വലിയ വാഹനമായതിനാല്‍ ബസ് വേഗത്തില്‍ നിയന്ത്രിക്കാനായില്ലെന്നും കെഎസ്ആര്‍ടിസിയുടെ ഡ്രൈവര്‍ സുനില്‍ പ്രതികരിച്ചു. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുന്നിലെ സീറ്റുകളിലെ കമ്പികളിലിടിച്ചാണ് ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. മിക്കവരുടെയും മുഖത്താണ് പരിക്ക്. പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post