കോഴിക്കോട്: വെസ്റ്റ് ഹിലില്‍ കോര്‍പറേഷന്റെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടുത്തം. രാവിലെയാണ് കേന്ദ്രത്തില്‍ തീപ്പിടുത്തം ഉണ്ടായത്. മൂന്ന് വര്‍ഷത്തിനിടെ കോഴിക്കോട് കോര്‍പറേഷന്റെ രണ്ടാമത്തെ മാലിന്യ സംസ്കരണ കേന്ദ്രമാണ് കത്തി നശിക്കുന്നത്.
കോഴിക്കോട് ബീച്ചിനോട് ചേര്‍ന്ന് കോര്‍പറേഷന്റെ കീഴിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലാണ് രാവിലെ പത്ത് മണിയോടെ തീപ്പിടുത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടന്‍ നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു.
സിഡ്കോയുടെ വ്യവസായ കേന്ദ്രത്തോട് ചേര്‍ന്ന ഭാഗമായതിനാലും പരിസരത്ത് തന്നെ ട്രാന്‍സ്പോര്‍മര്‍ ഉള്‍പ്പെടെ ഉളളതിനാലും നാട്ടുകാരും പോലീസും വെസ്റ്റ് ഹില്‍ ആര്‍മി ക്യാംപില്‍ നിന്നുളള സൈനികരും തീ അണയ്ക്കാനായി ഓടിയെത്തി. രണ്ട് മണിക്കൂറോളം അധ്വാനിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ഇവിടെ നിന്ന് തരംതിരിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് അയക്കുകയാണ് രീതി. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇവിടെ മാലിന്യം കുമിഞ്ഞ് കൂടിയിരുന്നു. ഇവിടെയാണ് തീപിടുത്തമുണ്ടായത്.